ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പാർട്ടി എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് വരാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന സൂചനകൾ ശക്തമായിരിക്കെയാണ് പ്രതിഷേധം കടുപ്പിക്കാനുളള കോൺഗ്രസിന്റെ നീക്കം.
മറ്റ് പ്രതിപക്ഷ പാർട്ടികളും രാഹുൽ വിഷയത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉന്നയിക്കും. ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ അഞ്ച് ബില്ലുകൾ പാസാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് പ്രതിഷേധം.