മസ്കത്ത്: സലാല, നിസ്വ, സുഹാർ, മസ്കറ്റ് എന്നിവിടങ്ങളിൽ അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭാവിയിലെ സുസ്ഥിര നഗരങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് നഗരാസൂത്രണ മന്ത്രാലയം. 50,000 മുതൽ 130,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന 10,000 മുതൽ 30,000 വരെയുള്ള നിരവധി ഭവന യൂണിറ്റുകൾ ഈ നഗരങ്ങളിൽ സ്ഥാപിക്കും. ഇതിനായി മന്ത്രാലയം എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
ജബൽ അഖ്ദർ വിലായത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് പുറമേ, ഗ്രേറ്റർ മസ്കറ്റ്, ഗ്രേറ്റർ സലാല, ഗ്രേറ്റർ നിസ്വ, ഗ്രേറ്റർ സുഹാർ എന്നിവയുടെ ഘടനാപരമായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്മിറ്റി ആരംഭിച്ചു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബഹുമുഖ യൂട്ടിലിറ്റി നിക്ഷേപ കേന്ദ്രമാണ് ജബൽ അഖ്ദാർ ഡെവലപ്മെന്റ് പ്രോജക്റ്റ് ലക്ഷ്യമിടുന്നത്.
ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഏറ്റവും ഉയർന്ന സേവനം നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഭവന നഗരാസൂത്രണ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 1,400 കുടുംബങ്ങൾക്ക് 35 ദശലക്ഷം റിയാൽ ഭവന സഹായം നൽകിയിരുന്നു. ഈ വർഷം ഇതേ തുകയുടെ സഹായം 1,200 കുടുംബങ്ങൾക്ക് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.