മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മുൻകരുതലുകളുമായി ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രഥമ പരിഗണനയെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി.
സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസിന്റെ സാന്നിധ്യം ശക്തമാക്കും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തും.
കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന രക്ഷാകർത്താക്കൾ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും സ്കൂൾ പരിസരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന നിയമലംഘനങ്ങൾക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായ ബോധവത്കരണ പരിപാടികളും നടപ്പാക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.

