കോഴിക്കോട്: കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്യാനേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് തന്റെ നിലപാടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. പദ്ധതിയുമായി ബന്ധപ്പെട്ട എൻജിനീയറുടെ ആത്മഹത്യയിൽ പ്രേരണയുണ്ടായിരുന്നോയെന്ന കാര്യവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം നേതാവ് തോമസ് ഐസക്കിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുനീർ.
താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലാവധിയുടെ അവസാനഘട്ടത്തിലാണ് ഗ്യാനേഷ് ചുമതലയേറ്റതെന്ന് മുനീർ പറഞ്ഞു. കെ.എസ്.ടി.പി കേസിൽ വിജിലൻസ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്. ആവശ്യമെങ്കിൽ വീണ്ടും അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനുശേഷമാണ് എൻജിനീയർ ആത്മഹത്യ ചെയ്തത്. 2006 നവംബറിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് അന്നത്തെ സർക്കാർ അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും മുനീർ ചോദിച്ചു.
കെ.എസ്.ടി.പി പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതാണെന്നും തോമസ് ഐസക്കിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും മുനീർ പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് തന്റെ കൈവശം പ്രത്യേക വിവരങ്ങളില്ല. ബില്ലുകൾ നൽകാതിരുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്നത്തെ സർക്കാരാണ് വിശദീകരണം നൽകേണ്ടത്. മന്ത്രിയെന്ന നിലയിൽ ചട്ടങ്ങളും മാനുവലും അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും കേസിൽ തന്നെ മാത്രം ലക്ഷ്യമിട്ടെന്നും എം.കെ. മുനീർ ആരോപിച്ചു.


