
മനാമ:പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘എം എം എസ് കെയർ’ എന്ന പേരിൽ മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് വിഭാവന ചെയ്തത്. സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ വിവിധ ആരോഗ്യ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.ക്യാമ്പ് മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകര, മൊയ്ദി ടി എം സി, ശിഹാബ് കറുക പുത്തൂർ സജീവൻ വടകര, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി. പ്രവാസി സാമൂഹിക സംഘടന രംഗത്തെ പ്രമുഖരായ നജീബ് കടലായി, മജീദ് തണൽ, മനോജ് വടകര, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ദീപക് തണൽ, സെയ്ദ് ഹനീഫ്, സലിം മമ്പ്ര, ജമാൽ കുറ്റികാട്ടിൽ, കാസിം പാടത്തായിൽ, രത്നാകരൻ, വിനോദ് ആറ്റിങ്ങൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ, കിംസ് അഡ്മിനിസ്ട്രെറ്റർ ജ്യോതി ശ്രീജിത്ത്, ഡോ. അനീന മറിയം വർഗീസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ എട്ട് വർഷമായി സമാജം നടത്തിവരുന്ന ജീവകാരുണ്യ-സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും, വരും ദിവസങ്ങളിലും പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന നിരവധി പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.മുഹറഖ് സമാജത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന എല്ലാവർക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച കിംസ് മെഡിക്കൽ സെന്റർ അധികൃതർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

