മനാമ: ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 25 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ബഹറൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ അഭിനന്ദിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ഹമദ് രാജാവിൻ്റെ നേതൃത്വത്തിൽ സമാനകളില്ലാത്ത വികസന കുതിപ്പിലേക്കാണ് ബഹറൈൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഏറെ ശ്രദ്ധയാണ് ഹമദ് രാജാവ് പുലർത്തുന്നത്. സമാധാനവും ജനങ്ങളുടെ ക്ഷേമവും സഹിഷ്ണുതയും അടിസ്ഥാന പ്രമാണമാക്കിയാണ് രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നത്. വികസനത്തിലൂന്നിയ ഭരണനേതൃത്വത്തിൻ്റെ ഈ കാഴ്ചപ്പാട് ബഹറൈനിനെ ഇനിയും ബഹുദൂരം മുന്നോട്ട് നയിക്കും.
ബഹറൈൻ ഭരണാധികാരിയായി 25 വർഷം തികയുന്ന ഈ അവസരത്തിൽ ഹമദ് രാജാവിനും, കിരീടാവകാശി സൽമാൻ രാജകുമാരൻ, രാജകുടുംബാംഗങ്ങൾ, ബഹറൈൻ ഗവണ്മെൻ്റ്, പൗരന്മാർ, താമസക്കാർ ഉൾപ്പെടെ എല്ലാവർക്കും ആശംസകൾ നേരുന്നതിനോടൊപ്പം കുടുതൽ കൂടുതൽ നൻമയും സമൃദ്ധിയും ബഹറൈനിന് കൈവരട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു.