മനാമ: ബഹ്റൈനിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ‘മാംഗോ മാനിയ’ മാമ്പഴമേളയ്ക്ക് തുടക്കമായി. ഡാന മാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മാംഗോ ഫെസ്റ്റിവലിന്റെ ഉത്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാലയും ഹൈപ്പർമാർക്കറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും വിഐപി അതിഥികളും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു.
ഇന്ത്യ, യുഎഇ, മലേഷ്യ, തായ്ലൻഡ്, ശ്രീലങ്ക, അമേരിക്ക, ഇന്തോനേഷ്യ, യമൻ, യുഗാണ്ട, കെനിയ, ഐവറി കോസ്റ്റ്, കൊളംബിയ, പെറു എന്നീ 14 രാജ്യങ്ങളിൽനിന്നുള്ള 85-ലധികം ഇനം മാമ്പഴങ്ങൾ വിൽപനക്കെത്തിയിട്ടുണ്ട്. സിന്ദൂരം, അൽഫോൻസ, മൽഗോവ, ലങ്കട, പ്രിയൂർ, ദിൽപസന്ത്, കിളിച്ചുണ്ടൻ തുടങ്ങിയ ഇന്ത്യൻ ഇനങ്ങളും വിൽപനക്കുണ്ട്.
മാമ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങളും വിൽപനക്കുണ്ട്. മാമ്പഴ കേക്ക്, മാമ്പഴ പുഡ്ഡിങ്ങുകൾ, മാമ്പഴ ഐസ്ക്രീം, മാമ്പഴ ഹൽവകൾ, മാമ്പഴ പായസങ്ങൾ, മാമ്പഴക്കറികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളക്ക് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ട്. പഴുത്തതും അസംസ്കൃതവുമായ മാമ്പഴത്തിന് പുറമെ, മാമ്പഴ മീൻ കറി, മാമ്പഴ ചിക്കൻ കറി, തേൻ മാംഗോ സോസ്, അച്ചാറുകൾ, ആംരാസ് (മാംഗോ പ്യൂരി) തുടങ്ങി മാങ്ങ വിഭവങ്ങളുടെ നീണ്ട നിരതന്നെ ഒരുക്കിയിട്ടുണ്ട്.
മാമ്പഴ വിഭവങ്ങളുടെ പാചക മത്സരം, ഗെയിമുകൾ, മാമ്പഴ വേഷത്തിൽ ഫ്ലാഷ് മോബ് എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. 500 യുഎസ് ഡോളറിന്റെ സമ്മാനത്തോടുകൂടിയ മാംഗോ ഡെസേർട്ട് പാചക മത്സരത്തിലെ വിജയികൾക്ക് സഫ്നാസ് തരഞ്ചാണ്ടി, ആദിയ ആലിക്കൽ, സഫീന റാഫി എന്നിവർ അർഹരായി. ഫെസ്റ്റിവൽ 23 വരെ നീണ്ടുനിൽക്കും.