തിരുവനന്തപുരം: കൊല്ലത്തുനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം നിര്‍ണയക ഘട്ടത്തിലേക്ക്. സംഭവത്തില്‍, നഴ്സിങ് മേഖലയിലെ സാമ്പത്തിക ഇടപാട് അടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നു. വിദേശ നഴ്സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. പോലീസിന്റെ അന്വേഷണം ഇപ്പോള്‍ കടന്നിരിക്കുന്നത് നഴ്സിങ് മേഖലയിലെ കോടികള്‍ വെച്ചുള്ള സാമ്പത്തിക ഇടപാടിലേക്കാണ്. വിദേശത്ത് നഴ്സിങ് ജോലിക്കായി നടത്തുന്ന ഒ.ഇ.ടി. പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് കേരളം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട് എന്ന വവിരം ഇപ്പോള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. പല രാജ്യത്തും പല സമയത്താണ് ഇത് നടക്കുന്നത്. മാസത്തില്‍ രണ്ട് പരീക്ഷയാണ് നടക്കുന്നത്. ഇതില്‍ ഗള്‍ഫില്‍ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തില്‍ പരീക്ഷ നടക്കുന്നത്. ഒ.ഇ.ടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ ഈ പരീക്ഷ എഴുതുന്നവര്‍ക്ക് കൈമാറുകയാണ് അവര്‍ ചെയ്യുന്നത്. ഉത്തരസൂചികയ്ക്കു വേണ്ടി 3-4 ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിപ്പ് സംഘം ഈടാക്കുന്നത്.
പ്രധാനമായും കേരളത്തില്‍ രണ്ടു തട്ടിപ്പുസംഘങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കുടിപ്പകയുണ്ട്. ഈ കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായ പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ അടക്കം നടക്കുന്ന റെയ്ഡുകള്‍. നഴ്സിങ് മേഖലയിലെ സംഘടനാ ഭാരവാഹികളെ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവരില്‍നിന്ന് ഇടപാടുമായി ബന്ധപ്പെട്ട വിവരം ആരായുന്നുണ്ട്.
ഏതെങ്കിലും ഒരു കൂട്ടര്‍ക്കായിരിക്കും ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ഉത്തരസൂചികയും ചോര്‍ന്നുകിട്ടുക. ഇതാണ് ഇവര്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് കാരണം. ചിലപ്പോള്‍ രണ്ടു കൂട്ടര്‍ക്കും കിട്ടും. ഇനി മറ്റുചിലപ്പോള്‍ ആര്‍ക്കും കിട്ടുകയുമില്ല. ഒരു കൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്നപക്ഷം അവരിലേക്കായിരിക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘം നഴ്സിങ് മേഖലയിലുള്ള ആരെയെങ്കിലും കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ നടത്താറുണ്ട്. കേരളത്തില്‍ സമീപകാലത്ത് മൂന്നോ നാലോ തട്ടിക്കൊണ്ടുപോകല്‍ നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പോലീസില്‍ പരാതിയായി എത്തിച്ചേര്‍ന്നിട്ടില്ല. അതിന് മുന്‍പേതന്നെ പണം നല്കി ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുകയായിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ടാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ തട്ടിപ്പ് അതിന് കാരണമായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധമുള്ള സംഘങ്ങളാണോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്ന സംശയമാണ് ഉടലെടുക്കുന്നത്. കാരണം ഈ മാസത്തെ പരീക്ഷയുടെ ഫലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദിവസമാണ് വന്നത്. ഫലം വരുന്ന ദിവസമാണ് തട്ടിപ്പുസംഘങ്ങള്‍ പണം ഉദ്യോഗാര്‍ഥികളില്‍നിന്ന് പിരിച്ചെടുക്കുന്നത്.
നഴ്സിങ് മേഖലയിലെ ഒരു സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് കുട്ടിയുടെ പിതാവ്. അങ്ങനെയുള്ള ഒരാളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിലപേശലിലൂടെ പണം തട്ടുകയായിരുന്നോ ഇവരുടെ ലക്ഷ്യം എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിനുള്ള സാധ്യതയാണ് പോലീസ് ഇപ്പോള്‍ മുന്നില്‍ക്കാണുന്നത്. അതിനാല്‍ ഈ മേഖല കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നതും. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് ഒരു പ്രൊഫഷണല്‍ രീതിയുണ്ടെന്ന് പോലീസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ഇവര്‍ നടത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. സംഘത്തിലുണ്ടായിരുന്ന സ്ത്രീ, നഴ്സിങ് മേഖലയുമായി ബന്ധമുള്ളവരാണോ എന്നും അന്വേഷിക്കുന്നുണ്ട്.