ബെംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ ബലാത്സംഗംചെയ്തെന്ന് പരാതി. കോട്ടയം സ്വദേശിനിയായ 20കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു. മേയ് 12നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.
ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും അതിന് പോലീസ് നടപടിയെടുത്തില്ല. ‘വിർജിൻ’ ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന വിധത്തിലാണ് പോലീസ് സംസാരിച്ചതെന്നും പരാതിക്കാരി പറയുന്നു.

