തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനില്‍ മാത്രം ഒതുങ്ങുന്നതാണോ സിപിഎമ്മിന്റെ ബിജെപി ബാന്ധവമെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞു താനും അദ്ദേഹത്തിനെ കാണാന്‍ പോയിരുന്നു, ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്, അതില്‍ ഒരു തെറ്റുമില്ല, ജയരാജനെ ജാവദേക്കര്‍ വീട്ടില്‍ പോയി കണ്ടതിലും തെറ്റില്ല എന്ന്.എന്നാല്‍, ഇന്നിപ്പോള്‍ പറയുന്നു അത് ഗുരുതരമായ തെറ്റാണെന്ന്. ജയരാജന് കണ്ടത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി കണ്ടതും തെറ്റാണ്. മുഖ്യമന്ത്രി ഇന്നലെ ജാവദേക്കറിനെകുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് വളരെ വ്യക്തമായ ഡീലാണ്.
കേരളത്തില്‍ കഴിഞ്ഞ കുറെ നാളുകളായി ഈ ഡീല്‍ നടന്നുകൊണ്ടിരിക്കുകയാണ്.കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി ആ ഏജന്‍സികളുടെ ശ്രമങ്ങളെ ന്യൂട്രലൈസ് ചെയ്യുന്നതിന് വേണ്ടി ബിജെപിയുമായി ഒരു അവിഹിത ബന്ധത്തിന് വേണ്ടി കൃത്യമായ കളമൊരുക്കുകയാണ്. അത് വെളിച്ചത്തായപ്പോള്‍ ജയരാജന് പ്രതിയായി. മുഖ്യമന്ത്രിക്കെതിരായ കേസുകളില്‍ എന്ത് നടപടിയാണ് ഉണ്ടായതെന്ന് ചോദിച്ച കെ സി വേണുഗോപാല്‍ കള്ളി വെളിച്ചത്താകുമ്പോള്‍ പ്രതിയെയുണ്ടാക്കി യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കാന്‍ പോകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ വോട്ടായിരിക്കും. ഇവിടെ രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞു. ആ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വച്ചിട്ടാണല്ലോ തെലങ്കാനയിലും ബംഗാളിലും ത്രിപുരയിലുമൊക്കെ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ 400 സീറ്റില്‍ ജയിക്കുമെന്ന് നരേന്ദ്രമോദി കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഹൈപ്പ് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി നല്ല ആധിപത്യം നേടും. അതിന്റെ ആവലാതിയിലാണ് ഒരു രാഷ്ട്രീയ നേതാവ് പോലും ഉരിയാടാത്ത ഭാഷയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയിട്ടുള്ള ഏറ്റവും വിലകുറഞ്ഞ പരാമര്‍ശം. ഇത് വോട്ടിന് വേണ്ടി മാത്രമുള്ള രാഷ്ട്രീയ നാടകങ്ങള്‍ ആണെന്ന് ഉത്തരേന്ത്യയില്‍ അടക്കം ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. മോദി സൃഷ്ടിച്ച വ്യാജ ഹൈപ്പ് ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടിഞ്ഞുവീണു.രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ പതിവില്ലാത്ത ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഇന്ത്യ മുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ കിട്ടുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ദ്രുതതഗതിയില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് ജയിക്കും. പ്രതികൂല ഘടകങ്ങളെയും സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്ത പ്രതിസന്ധികളെയും മറികടന്നു കൊണ്ടാണ് 20 സീറ്റിലും യുഡിഎഫ് ജയിക്കുക എന്നത് തിളക്കം വര്‍ധിപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.