മനാമ: ഐസിആർഎഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കലാമത്സരമായ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18-ാമത് പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്പെക്ട്ര 2026 നവംബർ 13ന് ഇന്ത്യൻ സ്കൂൾ ഈസ ടൗൺ ക്യാമ്പസിൽ നടക്കും.
മത്സരത്തിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിച്ച് നവംബർ 5 വരെ തുടരും. ബഹ്റൈനിലെ വിവിധ വിദ്യാഭ്യാസ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഖേന മത്സരത്തിൽ പങ്കെടുക്കാം. മുതിർന്നവർക്കും ഓൺലൈൻ രജിസ്ട്രേഷനിലൂടെ പങ്കെടുക്കാനുള്ള അവസരമുണ്ടാകും.
കുട്ടികളുടെയും യുവജനങ്ങളുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ഒരേ വേദിയിൽ അണിനിരത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. 2009ൽ ആരംഭിച്ച സ്പെക്ട്ര തുടർച്ചയായ 18-ാം വർഷമാണ് സംഘടിപ്പിക്കുന്നത്. ഫാബർ-കാസ്റ്റൽ ടൈറ്റിൽ സ്പോൺസറായി തുടരും. മലബാർ ഗോൾഡാണ് ഈ വർഷത്തെ പ്രസന്റർ.
സെപ്റ്റംബർ 23ന് നടന്ന സ്കൂൾ കോഓർഡിനേറ്റർമാരുടെ യോഗത്തിൽ ബഹ്റൈനിലെ 35 സ്കൂളുകളിൽ നിന്നായി അമ്പതോളം അധ്യാപകർ പങ്കെടുത്തു. സ്കൂൾ പ്രതിനിധികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു.
മത്സരാർത്ഥികളെ അഞ്ച് മുതൽ എട്ട്, എട്ട് മുതൽ 11, 11 മുതൽ 14, 14 മുതൽ 18 വയസ്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഫാബർ-കാസ്റ്റലിന്റെ സൗജന്യ ഡ്രോയിംഗ് സാമഗ്രികൾ നൽകും. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഓരോ വിഭാഗത്തിലെയും മികച്ച 50 പേർക്ക് മെഡലുകളും എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും.
മത്സരത്തിലെ മികച്ച ചിത്രങ്ങളും ശ്രദ്ധേയമായ സൃഷ്ടികളും 2027ലെ ICRF ബഹ്റൈൻ വാൾ ആൻഡ് ഡെസ്ക് കലണ്ടറിൽ ഉൾപ്പെടുത്തും. കലണ്ടർ 2026 ഡിസംബറിൽ പുറത്തിറക്കും.
സ്പെക്ട്രയ്ക്ക് പത്ത് വർഷത്തിലേറെയായി പിന്തുണ നൽകുന്ന അധ്യാപകരെയും പരിപാടിയുടെ പ്രചാരണത്തിന് തുടർച്ചയായി സഹകരിച്ച മാധ്യമ സ്ഥാപനങ്ങളെയും പ്രത്യേകമായി ആദരിക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ നിതിൻ ജേക്കബിനെ 39612819 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇ-മെയിൽ: icrfbahrain@gmail.com. ICRF ഹെൽപ്ലൈൻ: 35990990, 38415171.

