ന്യൂഡല്‍ഹി: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹി മുഖര്‍ജി നഗറിലാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അമാന്‍(22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് മുഖര്‍ജിനഗറില്‍വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റത്. കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ നിരന്തരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ തടയാന്‍ ശ്രമിക്കുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുത്തേറ്റ പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.