മഞ്ചേരി: മൊബൈല്‍ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മഞ്ചേരിയിലെ കുത്തുകല്‍ റോഡില്‍വെച്ചായിരുന്നു കൊലപാതകം. മധ്യപ്രദേശ് ബെതുല്‍ ജില്ലയിലെ ദംന്യയില്‍ അനില്‍ കസ്ദേകര്‍ (34), ഗുര്‍ഗാവിലെ ഗോലു തമിദില്‍ക്കര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബെതുല്‍ ബേല്‍ക്കുണ്ട് ബോത്തിയ റെയാട്ട് വില്ലേജില്‍ നാംദേവിന്റെ മകന് റാംശങ്കറിനെയാണ് (33) പ്രതികള്‍ കൊലപ്പെടുത്തിയത്.
പ്രതി ഗോലുവിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ റാംശങ്കര്‍ മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു അക്രമം. ഞായറാഴ്ച്ച രാത്രി മഞ്ചേരി നിലമ്പൂര്‍ റോഡില്‍ നില്‍ക്കുകയായിരുന്ന റാംശങ്കറിനെ അനിലും ഗോലുവും കുത്തുകല്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് മൊബൈല്‍ ഫോണ്‍ എടുത്തതുസംബന്ധിച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് താണിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന റാംശങ്കറിനെ അനിലും ഗോലും ചേര്‍ന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ശങ്കറിന്റെ തലയിലും നെഞ്ചിലും സമീപത്തുകിടന്ന വെട്ടുകല്ല് എടുത്തിട്ടതിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു.
സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുത്തുകല്ലിലെ താമസസ്ഥലത്തുനിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. തലക്കേറ്റ ഗുരുതരപരിക്കും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് റാംശങ്കറിന്റെ മരണ കാരണം. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.