തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്ദറിൽ യുവജനങ്ങളുടെ കരുത്തും സൗന്ദര്യവും രാജ്യം കണ്ടതാണ്. ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അധികാരികൾക്ക് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ പൂർണമായി തിരിച്ചറിഞ്ഞു. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു.

യുവാക്കൾ ആദ്യമായി ഡൽഹിയിലെത്തിയപ്പോൾ പാർലമെന്റ് വിറച്ചു. ഇന്ന് പ്രതിഷേധിക്കാൻ ജന്തർ മന്ദർ മാത്രമല്ല വേദി. എവിടെ വേണമെങ്കിലും സമരം നടത്താവുന്ന വിധത്തിൽ പ്രതിഷേധവേദികൾ മാറിയിട്ടുണ്ട്. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലുള്ള വ്യവസ്ഥിതിക്ക് ബദൽ എന്താണെന്ന കാര്യവും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ ഗൗരവമായി ചർച്ച ചെയ്യണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ് കുമാർ തുടങ്ങിയ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
51,93,881 അംഗങ്ങളെ പ്രതിനിധീകരിച്ച് 590 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമായി ആകെ 615 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.
ഓഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിന് നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 22ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

