മനാമ: ഉത്രാടപ്പാച്ചിൽ ദിവസമായ ഇന്ന് തിരുവോണത്തെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബഹ്റൈനിലെ പ്രവാസി മലയാളികൾ. സദ്യവട്ടങ്ങളെല്ലാം ഒരുമിച്ചു കിട്ടുന്നതിനാൽ ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലുമായിരുന്നു ഉത്രാടപ്പാച്ചിൽ ഏറെയും കണ്ടത്. ബഹ്റൈനിലെ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ഓണക്കാഴ്ചകളൊരുക്കി നേരത്തെതന്നെ സജ്ജമായിരുന്നു. കൂടാതെ ഇവിടങ്ങളിലെല്ലാം പ്രത്യേക പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ട്.
ഓണത്തെ വരവേൽക്കാൻ പഴങ്ങളും പച്ചക്കറികളും, പൂക്കളും വാഴയിലയുമെല്ലാം വിപണിയിൽ നിറഞ്ഞിട്ടുണ്ട്. കസവു സാരികളും കസവു മുണ്ടും ഉൾപ്പെടെ വസ്ത്രവിപണികളും സജീവമാണ്. പ്രത്യേക വിലക്കിഴിവോടെയാണ് ഓണക്കോടികൾ ആവശ്യക്കാർക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ റസ്റ്റാറന്റുകളും ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവോണ ദിവസം വാങ്ങാൻ കഴിയുന്ന രീതിയിലാണ് ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്.
ഇത്തവണ ഓണമെത്തുന്നത് പ്രവർത്തി ദിവസമായതിനാൽ ഓഫീസിലേക്കും മറ്റുമായി പാഴ്സൽ ഓണസദ്യയുമായി ഹോട്ടലുകാരും രംഗത്തുണ്ട്.