
മനാമ: സാധാരണ പ്രവാസികൾക്ക് കാര്യമായ നേട്ടം നൽകാൻ കഴിയാത്ത ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ. പകരം ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018ൽ ലോക കേരളസഭ ആരംഭിക്കുമ്പോൾ പ്രവാസികളെ ഏകോപിപ്പിച്ച് കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാനും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനുമായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളും 48 ശുപാർശകളും രൂപീകരിച്ചെങ്കിലും ഭൂരിഭാഗവും നടപ്പായില്ലെന്ന് എ.പി. ഫൈസൽ ആരോപിച്ചു.
അഞ്ച് സമ്മേളനങ്ങൾക്കായി 5.24 കോടി രൂപ ചെലവായതല്ലാതെ പ്രവാസികൾക്ക് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നും, സഭയ്ക്ക് നിയമപരമായ ഉറപ്പ് നൽകുമെന്ന പ്രഖ്യാപനം അഞ്ച് വർഷമായിട്ടും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭയിലെ അംഗത്വത്തിൽ യഥാർത്ഥ ഗൾഫ് തൊഴിലാളികൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും അംഗങ്ങളെ തെരഞ്ഞെടുത്ത മാനദണ്ഡം വ്യക്തമല്ലെന്നും ഫൈസൽ വിമർശിച്ചു. പെൻഷൻ വർധന, വിമാനക്കൂലി, പുനരധിവാസം, തൊഴിൽ ചൂഷണം തുടങ്ങിയ പ്രവാസികളുടെ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
നോർക്ക ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനുള്ള സംവിധാനം വേണമെന്നും, പ്രഹസന സഭകൾക്ക് പകരം പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും എ.പി. ഫൈസൽ ആവശ്യപ്പെട്ടു.


