കണ്ണൂർ: കോൺഗ്രസിലെ പുനസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രസിഡന്റുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക്കെതിരെയാണെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അതേസമയം, ഇടഞ്ഞുനില്‍ക്കുന്ന എ, ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ച കെപിസിസി നേതൃത്വം തുടരും. കേരളത്തിലെ പരാതികള്‍ ഹൈക്കമാന്റിന് മുന്നില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നിലവിൽ നടത്തുന്നത്. ചെന്നിത്തലയും ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വിശദമാക്കും. കെ പി സി സി പ്രസിഡന്റിനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന് ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. ഒന്നിച്ചുനിന്ന് എതിര്‍ക്കാനും ഹൈക്കമാന്റിനു മുന്നില്‍ പരാതിയുമായി പോയാലും കെപിസിസിക്കാണ് തലവേദന. പ്രസിഡന്റിനെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ സമവായത്തിനുള്ള എല്ലാ സാധ്യതകളുമാണ് കെ സുധാകരന് നടത്തുന്നത്.