
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള 19 പേര് പിടിയിൽ. ആറു പേര് കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്ത് ഒരു ലോഡ്ജിൽ നിന്നും അമൽ എന്ന പ്രതിയെയുമാണ് പിടികൂടിയത്. എല്ലാവരും ഡിവൈഎഫ്ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്. ഉച്ചയ്ക്ക് ശേഷമാണ് ഏഴു പേര് പിടിയിലായത്. വൈകീട്ട് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ബിനു ഐപി കീഴടങ്ങി. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിനു പുറമേ, പൊലിസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.


