ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളെയും ഉൾപ്പെടുത്തി ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവൻമാർ നിലപാട് വ്യക്തമാക്കും.
ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, സുസ്ഥിര വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ചയാകും. വ്യാപാരം, നവീകരണം, വികസനം, ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ എന്നിവയും ഉച്ചകോടിയുടെ പരിഗണനയിലുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കൽ, നവീകരണം, പരസ്പര സഹകരണം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഇന്ത്യ പ്രത്യേക പ്രാധാന്യം നൽകുന്നു.
അതേസമയം, ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന സംബന്ധിച്ച് അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണ് പ്രസ്താവനയ്ക്ക് തടസമായിരുന്നത്. ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് പിന്നാലെ തർക്കവിഷയങ്ങളിൽ ധാരണയിലെത്തിയതായാണ് വിവരം.
ആഗോളതലത്തിൽ കൂട്ടായ്മയുടെയും തുല്യ പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ സംസാരിച്ചത്. ആഗോള ഭരണസംവിധാനങ്ങളിൽ മാറ്റം അനിവാര്യമാണെന്നും പ്രതിസന്ധികളെ നേരിടുന്നതിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നിർണായക പങ്ക് വഹിക്കുമ്പോഴും തീരുമാനമെടുക്കുന്ന ഘട്ടങ്ങളിൽ അവഗണിക്കപ്പെടുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
അധികാര കേന്ദ്രീകൃതമായ ആഗോള സംവിധാനത്തെ തുല്യ പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും വേദിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഭരണക്രമത്തിൽ മാറ്റം ലക്ഷ്യമിട്ട് ബ്രിക്സ് റിഫോം റോഡ്മാപ് തയ്യാറാക്കിയിട്ടുണ്ടെന്നും പ്രാതിനിധ്യം, ഉത്തരവാദിത്തം, നിയമനിർമാണം എന്നീ മൂന്ന് അടിസ്ഥാന തൂണുകളിലാണ് ഇത് ഊന്നുന്നതെന്നും മോദി വ്യക്തമാക്കി.
യുഎൻ സുരക്ഷാസമിതിയുടെ പരിഷ്കരണം ഇനിയും വൈകിക്കൂടെന്നും ഇതുസംബന്ധിച്ച് അടിയന്തരമായി വ്യക്തമായ തീരുമാനമുണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലെ വോട്ടിങ് സംവിധാനത്തിലും നയപരമായ തീരുമാനങ്ങളിലുമുൾപ്പെടെ മാറ്റം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂട്ടായ സമവായത്തിലൂടെയാണ് ബ്രിക്സ് മുന്നോട്ട് പോകുന്നതെന്നും ആരെയും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയല്ല ബ്രിക്സെന്നും മോദി പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ശക്തമായ സാന്നിധ്യമായി ബ്രിക്സ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

