
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും ബഹ്റൈൻ രാജ്യത്തിന്റെ നേതൃത്വത്തോടും ഐക്യദാർഢ്യവും വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ച് ഭാരതി അസോസിയേഷൻ ബഹ്റൈന്റെ നേതൃത്വത്തിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ നൂറുകണക്കിന് തമിഴ് സമൂഹാംഗങ്ങളും ബഹ്റൈൻ പൗരന്മാരും പങ്കെടുത്ത് വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു.
ബഹ്റൈനെ തങ്ങളുടെ രണ്ടാം വീടായി കാണുന്ന തമിഴ് സമൂഹം, രാജ്യത്തിന്റെ സമാധാനം, സുരക്ഷ, സഹിഷ്ണുത, സഹവർത്തിത്വം, ദേശീയ ഐക്യം എന്നീ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രതിജ്ഞയിലൂടെ വീണ്ടും ഉറപ്പിച്ചു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ രാജകുടുംബത്തിനും രാജ്യത്തിന്റെ വിവേകപൂർണമായ നേതൃത്വത്തിനും പരമോന്നത ആദരവും അചഞ്ചലമായ വിശ്വസ്തതയും രേഖപ്പെടുത്തുന്നതായി പ്രതിജ്ഞയിൽ വ്യക്തമാക്കിയിരുന്നു.

വിദേശ സമൂഹങ്ങൾക്ക് ബഹ്റൈൻ നൽകിയ സമാധാനപരമായ ജീവിതാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും അവസരങ്ങൾക്കും ആതിഥേയത്വത്തിനും തമിഴ് സമൂഹം നന്ദി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താൽപര്യങ്ങൾ എന്നിവയെ ശക്തമായി പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു.

രാജ്യത്ത് സമാധാനവും സുരക്ഷയും സമൃദ്ധിയും നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കും സുരക്ഷാസേനകൾക്കും ദേശീയ സ്ഥാപനങ്ങൾക്കും ഭാരതി അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
പരിപാടിയെ അഭിസംബോധന ചെയ്ത് ഭാരതി അസോസിയേഷൻ ബഹ്റൈൻ ഭാരവാഹികൾ, തമിഴ് സമൂഹം നിയമങ്ങൾ പാലിക്കുന്ന ഉത്തരവാദിത്തമുള്ള സമൂഹമായി ബഹ്റൈന്റെ വികസനത്തിനും പുരോഗതിക്കും തുടർന്നും സംഭാവന നൽകുമെന്നും വ്യക്തമാക്കി.

ബഹ്റൈൻ ജനതയും തമിഴ് സമൂഹവും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി പരിപാടി മാറി. ബഹ്റൈൻ പൗരന്മാരുടെ സാന്നിധ്യം രാജ്യത്തിന്റെ സാമൂഹിക ഐക്യവും സഹവർത്തിത്വ സംസ്കാരവും കൂടുതൽ ശക്തിപ്പെടുത്തുന്നതായി സംഘാടകർ പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആരോഗ്യത്തിനും ദീർഘായുസിനും പ്രാർത്ഥിച്ചുകൊണ്ടും രാജ്യത്തിനും ജനങ്ങൾക്കും ശാശ്വത സമാധാനവും സുരക്ഷയും സമൃദ്ധിയും നേർന്നുകൊണ്ടുമാണ് വിശ്വസ്തതാ പ്രതിജ്ഞാ പരിപാടി സമാപിച്ചത്.


