മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളെയും തീരുവ പ്രഖ്യാപനങ്ങളെയും പരോക്ഷമായി വിമർശിച്ച് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവർ. മുംബൈയിൽ സംഘടിപ്പിച്ച ഇന്ത്യ–ബെൽജിയം ഉന്നതതല സംവാദത്തിൽ ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
“ചിലർ തിങ്കളാഴ്ച ഒരു തീരുമാനമെടുക്കുന്നു, ബുധനാഴ്ച അത് പിൻവലിക്കുന്നു, ശനിയാഴ്ച വീണ്ടും നടപ്പാക്കുന്നു. മറ്റുചിലർ വിപണികളെ തകർക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടത്തുന്നു,” ഡി വേവർ പറഞ്ഞു.
പരാമർശത്തെ സദസ്സ് കൈയടിയോടെ സ്വീകരിച്ചതിന് പിന്നാലെ, “നിങ്ങളുടെ കൈയടിയിൽനിന്ന് ഞാൻ ആരെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായതായി വ്യക്തമാണ്,” എന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.
വൻശക്തികളുടെ സംരക്ഷണവാദവും ഏകപക്ഷീയമായ തീരുവ ചുമത്തലും ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും ബെൽജിയം പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡി വേവർ പ്രശംസിച്ചു. ലോകനേതാക്കളുടെ പ്രസംഗങ്ങൾ പലപ്പോഴും ആശങ്ക സൃഷ്ടിക്കുമ്പോൾ, നരേന്ദ്ര മോദി സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കുമെന്നും അദ്ദേഹം ജ്ഞാനിയായ നേതാവാണെന്നും ഡി വേവർ അഭിപ്രായപ്പെട്ടു.

