Author: News Desk

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമെന്ന ഭീഷണിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റ് മന്ദിരത്തിൽ. സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാത്തിടത്തോളം അദ്ദേഹം എംപി സ്ഥാനത്ത് തുടരും. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനാൽ രാഹുൽ ഗാന്ധി പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കില്ലെന്നും അപ്പീലുമായി ഉന്നത കോടതികളെ സമീപിക്കുമെന്നുമായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. രാഹുൽ പാർലമെന്‍റിൽ എത്തിയെങ്കിലും ലോക്സഭയിൽ പ്രവേശിക്കുന്നതിന് മുമ്പ് സഭാ നടപടികൾ നിർത്തിവച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ലോക്സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തി വെച്ചത്.

Read More

ചെന്നൈ : തമിഴ് നടൻ അജിത്തിന്‍റെ പിതാവ് പി.എസ് മണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹം പാലക്കാട് സ്വദേശിയാണ്. അനൂപ് കുമാർ, അനിൽ കുമാർ എന്നിവരാണ് മറ്റ് മക്കൾ. കൊൽക്കത്ത സ്വദേശിനിയായ മോഹിനിയാണ് ഭാര്യ. ഉറക്കത്തിലാണ് മണിയുടെ മരണം സംഭവിച്ചതെന്ന് അജിത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അജിത്തിന്‍റെ ‘തുനിവ്’ എന്ന ചിത്രമാണ് ഒടുവിൽ പ്രദർശനത്തിനെത്തിയത്. എച്ച് വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ മഞ്ജു വാര്യരായിരുന്നു നായിക. എച്ച് വിനോദ് തന്നെ തിരക്കഥയെഴുതിയ ‘തുനിവ്’ വൻ ഹിറ്റായി മാറിയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിച്ചത്.

Read More

ഹോങ്കോങ്: വളർച്ചാ നിരക്കിൽ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഭീമൻമാരെ മറികടന്ന് ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനായ ചാറ്റ്ജിപിടി. ഇന്‍റർനെറ്റ് ലോകത്ത് പ്രവേശിച്ച് രണ്ട് മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ട് 100 ദശലക്ഷം ഉപയോക്താക്കളെയാണ് നേടിയത്. ഹോങ്കോങ്ങിൽ നടന്ന 26-ാമത് ഏഷ്യൻ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിൽ ക്രെഡിറ്റ് സ്വീസാണ് ചാറ്റ്ജിപിടിയുടെ വളർച്ചയെക്കുറിച്ച് ആഴത്തിലുള്ള തീമാറ്റിക് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ടൈം റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേക്കാൾ വേഗത്തിൽ ആഴ്ചകൾക്കുള്ളിൽ ജനപ്രീതി നേടാൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞു. കൂടുതൽ സൂക്ഷ്മമായ ട്യൂണിങിന് ശേഷം പരിവർത്തനം ചെയ്യാനും ഒടുവിൽ നിയന്ത്രിക്കപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് പ്രസ്താവിച്ചു. നവംബർ 30 ന് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ചാറ്റ്ജിപിടി ഒരു ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. 2022 ഡിസംബറോടെ 57 ദശലക്ഷം ഉപയോക്താക്കളെയും 2023 ജനുവരിയോടെ 100 ദശലക്ഷം ഉപയോക്താക്കളെയും നേടി.

Read More

ന്യൂ‍ഡൽഹി: കേന്ദ്രത്തിനെതിരെ പരാതിയുമായി 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം പ്രതിപക്ഷ നേതാക്കളെ കേന്ദ്രീകരിച്ചാണെന്നും ഹർജിയിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ എ എം സിങ്‌വിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെ ഹർജി സമർപ്പിച്ചത്. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് കോടതികൾക്കും അന്വേഷണ ഏജൻസികൾക്കും മാർഗനിർദേശം നൽകണമെന്നാണ് കക്ഷികളുടെ ആവശ്യം. കേസ് ഏപ്രിൽ അഞ്ചിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന, ഡി.എം.കെ, ആർ.ജെ.ഡി, ബി.ആർ.എസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ജെ.എം.എം, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

Read More

കണ്ണൂർ: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജയിൽ ശിക്ഷ വിധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. രാഷ്ട്രീയ പകപോക്കലിന് കേന്ദ്ര സർക്കാർ കോടതികളെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യരുതെന്ന് ജയരാജൻ പറഞ്ഞു. വിധിയും പശ്ചാത്തലവും നോക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉയരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ജയരാജൻ പറഞ്ഞു. ഇന്ത്യൻ പാർലമെന്‍റിൽ എത്തേണ്ട ഒരു പ്രമുഖ കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. അത്തരമൊരു നേതാവിനോട് കാണിക്കേണ്ട സാമാന്യ നീതിയല്ല ബി.ജെ.പി സർക്കാരിൽ നിന്നുണ്ടായത്. ഈ വിധിയും പശ്ചാത്തലവും അന്വേഷിക്കുമ്പോൾ ജനങ്ങൾക്ക് ഒട്ടേറെ സംശയങ്ങളാണ്. രാഷ്ട്രീയ പകപോക്കലിനും അഭിപ്രായവ്യത്യാസങ്ങൾക്കും കോടതിയെയോ ഭരണ സംവിധാനത്തെയോ ദുരുപയോഗം ചെയ്യരുത്. ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു.

Read More

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ തന്നെ നടക്കാൻ സാധ്യത. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടൂർണമെന്‍റ് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തായിരിക്കും നടക്കുക എന്നും റിപ്പോർട്ടിലുണ്ട്. നിഷ്പക്ഷ വേദികളിലല്ലാതെ അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ ഇന്ത്യയും പാക്കിസ്ഥാനും വർഷങ്ങളായി ഏറ്റുമുട്ടിയിട്ടില്ല. ഇതിനിടെയാണ് ഈ വർഷം ഏഷ്യാ കപ്പ് നടത്താൻ പാക്കിസ്ഥാന് അനുവാദം നൽകിയ തീരുമാനത്തെ ഇന്ത്യ എതിർത്തത്. ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്ക് പോകാൻ കഴിയില്ലെന്നും അതിനാൽ ഏഷ്യാ കപ്പ് മറ്റൊരു രാജ്യത്ത് നടത്തണമെന്നും ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ ഏഷ്യാ കപ്പ് കളിച്ചില്ലെങ്കിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഇതോടെ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് അസോസിയേഷനുകൾ തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം പ്രശ്നം പരിഹരിക്കാൻ ഇരുപക്ഷവും സഹകരിക്കുന്നുണ്ടെന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയതായി എഎൻഐ റിപ്പോർട്ട്…

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് ബി.ജെ.പിയുടെ ഗൂഡാലോചനയാണെന്നും വേണുഗോപാൽ ആരോപിച്ചു. അഭിമന്യൂവിനെ പത്മവ്യൂഹത്തിൽ അകപ്പെടുത്തിയത് പോലെയാണിത്. രാഹുലിനെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാർലമെന്‍റ് അംഗത്വം റദ്ദാക്കുമെന്ന ഭീഷണിയുമുണ്ട്. രാഹുലിന്‍റെ ശബ്ദം പാർലമെന്‍റിൽ ഉയരുന്നത് തടയാനുള്ള നീക്കങ്ങളാണിവ. മോദി സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. ജനാധിപത്യ സംവിധാനത്തെ ഇരുണ്ട അധ്യായത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു. “എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എന്തുകൊണ്ട്” എന്ന പരാമർശത്തിന്‍റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ രാഹുൽ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ…

Read More

ന്യൂഡൽഹി: കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവേയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. സർവീസ് തീരുമാനം സാധാരണ രീതിയിലാണെന്ന മറുപടിയാണ് റെയിൽവേ മന്ത്രി പറയുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ റെയിൽവേ ബോർഡ് തമിഴ്നാടിനെയും കേരളത്തെയും അവഗണിക്കുകയാണെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പാർലമെന്‍റിൽ മന്ത്രി നൽകിയ മറുപടി. ആകെ 10 ശുപാർശകളാണ് ദക്ഷിണ റെയിൽവേ മുന്നോട്ടുവെച്ചത്. 5 പുതിയ ട്രെയിനുകൾ ആരംഭിക്കാനും 5 ട്രെയിനുകൾ നീട്ടാനും. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അടൂർ പ്രകാശിന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. പ്രയോഗികത, സാങ്കേതിക സാധ്യതകൾ, കോച്ചുകളുടെയും യന്ത്രഭാഗങ്ങളുടെയും ലഭ്യത എന്നിവ ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും റെയിൽവേ മന്ത്രിയുടെ മറുപടിയിലുണ്ട്.

Read More

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വർധിച്ചു. റമദാൻ മാസം ആരംഭിച്ചതോടെയാണ് മുട്ടയുടെ വില കുത്തനെ ഉയർന്നത്. ഡിമാൻഡ് വർധിച്ചതും കോഴിത്തീറ്റയുടെ വില വർധനവുമാണ് വില കൂടാനുണ്ടായ പ്രധാന കാരണം. നിലവിൽ കോഴിയിറച്ചിക്ക് കിലോയ്ക്ക് ഒരു ദിനാറും 30 മുട്ടകളുള്ള ട്രേയ്ക്ക് ഒന്നര ദിനാറുമാണ് വില. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ സബ്സിഡി വെട്ടിക്കുറച്ചതിനെ തുടർന്ന് കോഴിത്തീറ്റയുടെ വില ടണ്ണിന് 30 ദിനാറിൽ നിന്ന് 118 ദിനാറായി ഉയർന്നിരുന്നു. ഇതുകൂടാതെ, റമദാൻ അനുബന്ധിച്ച് ജം ഇയ്യകളിൽ പ്രഖ്യാപിച്ച പ്രത്യേക വിലക്കുറവും ഡിമാൻഡ് വർധിക്കുന്നതിന് കാരണമായി. ഇതിനുപുറമെ, വാടക ചെലവ്, തൊഴിലാളികളുടെ വേതനം, പരിപാലനച്ചെലവ് എന്നിവയും വർധിച്ചു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ വില വർധിച്ചതെന്ന് അൽ മുബാറക്കിയ പൗൾട്രി കമ്പനി ഡയറക്ടർ തൗഫീഖ് അൽ സലേഹ് പറഞ്ഞു. നിലവിൽ രാജ്യത്ത് കോഴി, കോഴിമുട്ട ഉൽപാദന മേഖലയിൽ ഏഴ് കമ്പനികളാണ് പ്രവർത്തിക്കുന്നത്.

Read More

വാഷിങ്ടൻ: അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ബ്ലോക്ക് ഇൻക് സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ആസ്തി ഇടിഞ്ഞു. വ്യാഴാഴ്ച മാത്രം ഡോർസിയുടെ ആസ്തി 526 മില്യൺ ഡോളറാണ് ഇടിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഒറ്റ ദിവസം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം അദ്ദേഹത്തിന്‍റെ ആസ്തി ഇപ്പോൾ 11 ശതമാനം ഇടിഞ്ഞ് 4.4 ബില്യൺ ഡോളറാണ്. ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചെന്നായിരുന്നു വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ഹിൻഡൻബർഗ് ബ്ലോക്ക് ഇൻകിനെതിരെ പറഞ്ഞത്. എന്നാൽ ആരോപണം കമ്പനി നിഷേധിച്ചിരുന്നു. ട്വിറ്ററിന്‍റെ സഹസ്ഥാപകൻ കൂടിയായ ഡോർസിയുടെ വ്യക്തിഗത സമ്പത്തിന്‍റെ ഭൂരിഭാഗവും ബ്ലോക്കിലാണ്. ഓഹരി വില പെരുപ്പിച്ച് കാട്ടുന്നുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ നേരത്തെ കുത്തനെ ഇടിഞ്ഞിരുന്നു.

Read More