ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് ബി.ജെ.പിയുടെ ഗൂഡാലോചനയാണെന്നും വേണുഗോപാൽ ആരോപിച്ചു.
അഭിമന്യൂവിനെ പത്മവ്യൂഹത്തിൽ അകപ്പെടുത്തിയത് പോലെയാണിത്. രാഹുലിനെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാർലമെന്റ് അംഗത്വം റദ്ദാക്കുമെന്ന ഭീഷണിയുമുണ്ട്. രാഹുലിന്റെ ശബ്ദം പാർലമെന്റിൽ ഉയരുന്നത് തടയാനുള്ള നീക്കങ്ങളാണിവ. മോദി സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. ജനാധിപത്യ സംവിധാനത്തെ ഇരുണ്ട അധ്യായത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എന്തുകൊണ്ട്” എന്ന പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ രാഹുൽ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേശ് മോദിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.