കണ്ണൂർ: കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽനിന്ന് അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വധശ്രമം, ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ അർജുനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2014 മുതൽ ഇയാൾ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന് ഉടൻ കൈമാറാനാണ് നീക്കം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കാപ്പ ചുമത്തുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് താളിക്കാവിലെ അഭിഭാഷക ഡെലീറ്റ ടൈറ്റസിന്റെ ഫ്ലാറ്റിൽനിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി നിയമോപദേശം തേടിയാണ് അർജുൻ എത്തിയതെന്നും പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അതിനുമുമ്പ് പൊലീസ് എത്തിയെന്നും അവർ വ്യക്തമാക്കി.
നേരത്തെ തളിപ്പറമ്പിലെ താമസസ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ, പൊലീസ് സ്ഥലം തിരിച്ചറിഞ്ഞെന്ന സംശയത്തെ തുടർന്ന് അവിടെനിന്ന് മാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് പോയ ഇയാൾ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തി കാറിൽ കണ്ണൂർ നഗരത്തിലെത്തിയതായും പൊലീസ് പറയുന്നു. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്.
ഫ്ലാറ്റിൽ പൊലീസ് എത്തിയപ്പോൾ അർജുൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. അറസ്റ്റിന് വാറന്റില്ലെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്നാണ് വിവരം.
തുടർന്ന് കൈവിലങ്ങോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. കണ്ണൂരിലെ കേസുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികളെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

