തിരുവനന്തപുരം: വിമാന നിരക്ക് വർധനയിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരക്ക് വർധനവ് പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തണമെന്ന് കത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണുകളിലും സ്കൂൾ അവധി ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്ത് സമ്പാദിക്കുന്ന ചെറിയ സമ്പാദ്യമാണ് വിമാനടിക്കറ്റിന് നൽകാൻ പ്രവാസി തൊഴിലാളികൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ വിദേശ, ഇന്ത്യൻ വിമാന ഓപ്പറേറ്റർമാർക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അധിക, ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.