മനാമ: ബഹ്റൈൻലേക്ക് വിസിറ്റ് വിസയിൽ എത്തി അസുഖം കാരണം ദുരിതത്തിലായ വടകര സ്വദേശി അബ്ദുല്ലയെ സന്നദ്ധ പ്രവർത്തകർ ചേർന്ന് നാട്ടിലേക്കയച്ചു. നാട്ടിലേക്ക് പോകാനായി രണ്ടുപ്രാവശ്യം എയർപോർട്ടിൽ എത്തിയ അദ്ദേഹം അസുഖം കാരണം തിരിച്ചുപോരുകയും സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും തലയിൽ രണ്ട് സർജറി നടത്തുകയും ചെയ്തിരുന്നു. വടകര സ്വദേശി വിനോദിനോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് വിമാനത്തിലാണ് ഇദ്ദേഹത്തെ യാത്രയയച്ചത്.
ഒരു രാത്രി മുഴുവനും ബഹ്റൈൻ വിമാനത്താവളത്തിൽ നിന്നും കാണാതായ അദ്ദേഹത്തെ എമിഗ്രേഷൻ ഓഫീസറുടെ തിരച്ചലിൽ കണ്ടെത്തുകയും ചെയ്തു. പ്രഥമ ശുശ്രൂഷകൾ നൽകി നാട്ടിലേക്ക് പോകുവാൻ വേണ്ടി വീണ്ടും എയർപോർട്ടിലേക്ക് എത്തിയ അദ്ദേഹത്തെ വിറയലും ക്ഷീണവും അനുഭവപ്പെട്ട് ഷിഫാ അൽ ജസീറയിൽ ചികിത്സിക്കാൻ എത്തിച്ചു. ഉടൻതന്നെ അദ്ദേഹത്തെ സൽമാനിയ എമർജൻസിയിലൂടെ അഡ്മിറ്റ് ആക്കുകയും തലക്ക് രണ്ട് ഓപ്പറേഷനുകൾ നടത്തുകയും, പൂർണമായും അസുഖം ഭേദമാക്കി കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രയാക്കുകയും ചെയ്തു.