
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ വിവിധ ഭാരവാഹിത്വങ്ങളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച മനോഷ് കോരയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. സ്റ്റീഫൻ ഞാനാമാറ്റം, റവ. ഫാ. സോജിൻ കുറുന്തോട്ടത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, ഇടവകാംഗവും ഒ.ഐ.സി.സി മുൻ ദേശീയ അധ്യക്ഷനുമായ ബിനു കുന്ദന്താനം, ഇടവകാംഗങ്ങളായ ഷാജു ഇട്ടിയാവിര, മാത്യു വർക്കി, പ്രജീഷ് ജോൺ തരകൻ, ബിജു തേലപ്പിള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ മനോഷ് കോര നൽകിയ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.
ഇടവകയുടെ സ്നേഹോപഹാരം ഇടവക വികാരി മനോഷ് കോരയ്ക്ക് സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ ഇടവകയുടെയും അംഗങ്ങളുടെയും സഹകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ ലിജോ കെ. അലക്സ് കൃതജ്ഞത രേഖപ്പെടുത്തി.


