മലപ്പുറം: അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്കൂട്ടര്‍ യാത്രക്കാരായ സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെ തുടര്‍ന്നാണ് യുവതികള്‍ പ്രതികരിച്ചത്.
അതേസമയം പെണ്‍കുട്ടികള്‍ നല്കിയ പരാതിയില്‍ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീര്‍പ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷന് ജാമ്യത്തില്‍ പ്രതിയെ വിട്ടയച്ചതെന്നും മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു.
പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു സ്കൂട്ടര്‍ തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്ന. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.