മനാമ: ബഹ്റൈനിൽ 12 വയസ് മുതൽ 17വരെയുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകിത്തുടങ്ങി. കോവിഡ് എന്ന ആഗോള മഹാമാരി നിയന്ത്രിക്കാനും, പൊതുജനാരോഗ്യം നിലനിർത്താനും ബഹ്റൈൻ സ്വീകരിച്ച നടപടികൾക്ക് അനുസൃതമായി വാക്സിനേഷൻ നടപടിക്രമത്തിൽ മാറ്റം വരുത്തുന്നു. ബഹ്റൈനിൽ 12 വയസുമുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർക്ക് ജനുവരി 12 മുതൽ ബൂസ്റ്റർ ഡോസുകൾ കൂടി നൽകിത്തുടങ്ങിയതായി കോവിഡ് പ്രതിരോധ സമിതി അറിയിച്ചു. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച കൗമാരക്കാർക്ക് സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോഎൻടെക് ബൂസ്റ്റർ ഷോട്ടുകൾ നൽകും. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതലാണ് ബൂസ്റ്ററിന് അനുമതി.
എന്നാൽ, ഫൈസർ ബയോടെക് വാക്സിൻ സ്വീകരിച്ചവർക്ക് ആറുമാസം കഴിയുമ്പോൾ ഫൈസർ ബയോടെക് ബൂസ്റ്റർ ഡോസ് മാത്രമേ നൽകാവു. ബൂസ്റ്റർ ഷോട്ട് ലഭിച്ചില്ലെങ്കിൽ ഈ പ്രായക്കാർക്കുള്ള ‘ബിഎവെയർ’ ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് മഞ്ഞയായി മാറില്ലെന്നും പ്രതിരോധ സമിതി അറിയിച്ചു. എല്ലാവര്ക്കും സൗജന്യമായി നൽകുന്ന ഈ വാക്സിനുകൾ ബഹ്റൈനിൽ ഏറ്റവും കൂടുതലുള്ള മലയാളികൾക്ക് ഉൾപ്പടെ വിദേശി സമൂഹത്തിനും ആരോഗ്യപരമായ കരുത്ത് നൽകുന്നു.