കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കാമുകനെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു വെളിപ്പെടുത്തി.ടിക്ക്ടോക്കിലൂടെ പരിചയപ്പെട്ട ബാദുഷ ഇബ്രാഹിം എന്നയാളും നീതുവും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.നീതു കുറച്ച് നാൾ മുൻപ് ഗർഭം അലസിപ്പിച്ചിരുന്നു. ഇത് ബാദുഷയെ അറിയിച്ചിരുന്നില്ല.
വിവാഹവാഗ്ദാനം നൽകി നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു.സ്വർണവും പണവും കിട്ടിയതോടെ ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു.ബാദുഷയിൽ നിന്ന് സ്വർണവും പണവും തിരികെ ലഭിക്കാനും വിവാഹം മുടക്കുന്നതിനും വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി നീതു വെളിപ്പെടുത്തി.ഗർഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാൽ ഒരു കുഞ്ഞിനെ കാണിച്ച് അത് തന്റെ കുഞ്ഞാണെന്ന് കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായിരുന്നു നീതു ലക്ഷ്യമിട്ടിരുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം കുഞ്ഞിന്റെ ഫോട്ടോ ബാദുഷയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു എന്നാണ് വിവരം.ബാദുഷയേയും കുടുംബത്തേയും നീതു വീഡിയോ കോൾ ചെയ്ത് തെറ്റിധരിപ്പിച്ചു.
11 വർഷം മുൻപ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആർ രാജ് (33) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഫ്ളോറൽ പാർക്ക് ഹോട്ടലിൽ എത്തിയത് രണ്ടു ദിവസം മുൻപാണെന്നാണ് പോലീസ് കണ്ടെത്തൽ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയത്.
ബ്ലാക്ക്മെയിൽ ചെയ്യാൻ കുഞ്ഞിനെ വേണ്ടി വന്നതോടെ പലരോടും താൻ വിലപേശിയെന്നു നീതു വെളിപ്പെടുത്തിയിരുന്നു.എന്നാൽ കുട്ടിയെ ലഭിച്ചില്ല. ഇതേ തുടർന്നാണ് കുട്ടിയെ മോഷ്ടിക്കാൻ തീരുമാനം എടുത്തതെന്നാണ് വിവരം.ജനുവരി നാലിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്ളോറൽ പാർക്ക് ഹോട്ടലിൽ നീതു എത്തിയത്. മൂത്ത കുട്ടിയ്ക്കൊപ്പം ഈ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.
തുടർന്ന് ഗൈനക്കോളജി വാർഡിലേയ്ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാൻ പദ്ധതിയിട്ടു. ഇതിനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും നഴ്സിന്റെ ഗൗൺ വാങ്ങി. ഈ ഗൗൺ ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവർ ഗൈനക്കോളജി വാർഡിൽ കയറിയത്. വാർഡിൽ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു പദ്ധതി. നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിൽ ഗൈനക്കോളജി വാർഡിൽ കയറിയ ഇവർ കുഞ്ഞിന്റെ മാതാപിതാക്കളെ സമീപിച്ചു.
കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്ക്കു പാൽ നൽകിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.