കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്.
മുല്ലപ്പെരിയാര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജന്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്
2108-ല്‍ അവസാനമായി മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.
ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73-ല്‍ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പര്‍മാരും പ്രദേശം സന്ദര്‍ശിക്കുകയും തീരദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുകയുംചെയ്തു.