തിരുവനന്തപുരം: കേരള ബാങ്കില്‍ നിക്ഷേപ വര്‍ദ്ധന. 2021 – സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ നിക്ഷേപത്തില്‍ 9.27 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയര്‍ന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂര്‍ണ സാമ്പത്തിക വര്‍ഷമായിരുന്നു 2020-21. 2021 മാര്‍ച്ച് 31 വരെ 1,06,396 കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. അറ്റാദായം 61.99 കോടി രൂപയാണ്. ലയന സമയത്ത് 25 ശതമാനമായിരുന്ന നിഷ്ക്രിയ ആസ്തി 14.40 ശതമാനമായി കുറച്ചു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നിഷ്ക്രിയ ആസ്തി. കോവിഡ് മഹാമാരിക്കിടയിലാണ് ആകെ ബിസിനസില്‍ 9.27 ശതമാനം വര്‍ദ്ധന വരുത്തിയത്.
നബാര്‍ഡ് വഴിയുള്ള പുനര്‍വായ്പ സൗകര്യം ലഭ്യമാക്കുന്നതിലും വന്‍ നേട്ടമാണ് സൃഷ്ടിച്ചത്. 2019 -20 സാമ്പത്തിക വര്‍ഷം 4315 കോടി രൂപയായിരുന്ന പുനര്‍വായ്പ സഹായം 6058 കോടി രൂപയായി ഉയര്‍ന്നു. 40.39 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. ലയന സമയത്തെ സഞ്ചിത നഷ്ടം 1151 കോടി രൂപയായിരുന്നു. ഇത് 714 കോടി രൂപയായി കുറച്ചു. മൂലധന സ്വയം പര്യാപ്തത ലയന സമയത്ത് 6.26 ശതമാനമായിരുന്നു. ഇപ്പോള്‍ 10.18 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിസര്‍വ് ബാങ്ക് നിബന്ധന 9 ശതമാനം മാത്രമാണ്. കേരള സര്‍ക്കാര്‍ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിന്‍ബലത്തിലാണ് മൂലധന സ്വയം പര്യാപ്തത വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്.
കേരള ബാങ്ക് രൂപീകരണത്തിന് ശേഷം മുന്‍ഗണനാ മേഖലകളായ കൃഷി, സര്‍വീസ്, കച്ചവടം, ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, മൈക്രോ ഫിനാന്‍സ്, ഗ്രാമീണ ഭവന നിര്‍മ്മാണം മേഖലകളിലെ ചെറുകിട വായ്പകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഹകരണ സംഘങ്ങള്‍ വഴിയും നേരിട്ടും 18,200 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ബാങ്കിന്റെ ഓഹരി ഉടമകളായ 1500-ല്‍ പരം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളില്‍ കൂടി സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങള്‍, ഗ്രാമീണ വ്യവസായങ്ങള്‍, വാണിജ്യ മേഖല എന്നിവയ്ക്ക് വായ്പകള്‍ നല്കുന്നു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം,സംസ്കരണം, വിപണനം, മൂല്യവര്‍ദ്ധനവ് എന്നിവ സാധ്യമാക്കുകയും അതുവഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ നേരിടാനുള്ള ശക്തമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നിബന്ധനകള്‍ പാലിക്കുന്ന പദ്ധതികള്‍ക്ക് രണ്ട് കോടി രൂപ വരെ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും നല്‍കും. സഹകരണ സംഘങ്ങള്‍ക്ക് ഒരു ശതമാനം നിരക്കില്‍ വായ്പ ലഭ്യമാകും.
പുതുതായി കെബി മൈക്രോ ഫുഡ് പ്രോസസിങ് സ്കീം നടപ്പാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലുള്ള മൈക്രോ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലേയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് എംഎസ്എംഇ ഫിനാന്‍സ് പദ്ധതി, സ്കൂള്‍ കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് കൂടി പ്രയോജനപ്രദമായ സേവിങ്സ് അക്കൗണ്ട് കെ.ബി. വിദ്യാനിധി എന്നിവ വൈകാതെ ആരംഭിക്കും.
സഹകരണ മേഖല കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൂടാതെ റിസര്‍വ് ബാങ്ക് അനുശാസിക്കുന്നത് പോലുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പിലാക്കും.
ഐടി ഇന്റഗ്രേഷനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പര്‍ച്ചൈസ് ഓര്‍ഡര്‍ നല്കി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍, മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ മികച്ച ബാങ്കുകളില്‍ പ്രഥമ സ്ഥാനത്ത് കേരള ബാങ്കുണ്ടാകുമെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
Trending
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ


