സലിസ്ബറി (മാസ്സച്യുസെറ്റ്സ്): സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ സലിസ്ബറി സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ നളിനി ജോസഫ് മത്സരിക്കുന്നു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നളിനി ജയിക്കുകയാണെങ്കില്‍ സലിസ്ബറി സിറ്റിയുടെ ചരിത്രത്തില്‍ കൗണ്‍സില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കും ഇവര്‍.
ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന നളിനി ജോസഫ് പിതാവിനോടൊപ്പമാണ് മിനിസ്ട്രിയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം അമേരിക്കയിലെത്തിയ ഇവര്‍ ജോര്‍ജിയ വെസ്ലിയന്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടി, 2011 ല്‍ നളിനി സലിസ്ബറിയിലേക്ക് താമസം മാറ്റി.
പീഡിപ്പിക്കപ്പെടുന്ന, തിരസ്കരിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്റ്റേറ്റ് ഡിസ്ട്രിക്ട് കോടതികളില്‍ വാദിക്കുന്ന ഗാര്ഡിയന് ആഡ് ലിറ്റം പ്രോഗ്രാമിന്റെ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്ററായി സലിസ്ബറി സിറ്റിയില്‍ കഴിഞ്ഞ 14 വര്‍ഷമായി ഇവര്‍ പ്രവര്‍ത്തിച്ച് വരികയാണ്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള നോണ്‍ പ്രോഫിറ്റ് എഡ്യൂക്കേഷന്‍ ഓര്‍ഗനൈസേഷനായ വില്യം ജോണ്‍സ് സ്കോളേഴ്സ് സ്ഥാപക കൂടിയാണ് നളിനി ജോസഫ്. സിറ്റിയുടെ സര്വോന്മുഖ പുരോഗതിക്ക് വേണ്ടി തന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നളിനി.
53 വയസ്സുള്ള നളിനിയുടെ സേവനങ്ങളെ സിറ്റിയിലെ ജനങ്ങള്‍ നന്ദിയോടെയാണ് സ്മരിക്കുന്നത്. ഭര്‍ത്താവ് ജൂഡ് , ഒരു മകനും ഉള്‍പ്പെടുന്നതാണ് നളിനിയുടെ കുടുംബം. സലിസ്ബെറി വി.എ മെഡിക്കല്‍ സെന്ററിലെ വളണ്ടിയര്‍ കൂടിയാണ് ഇവര്‍.