തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ രോഗിയുടെ തലയ്ക്ക് പിന്നിൽ മുറിവ് പുഴുവരിച്ചതുപോലുള്ള വീഴ്ച സംഭവിക്കാതിരിക്കാൻ കർശനമായ നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്.
വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി അനിൽകുമാറിന്റെ തലയിലെ മുറിവിലാണ് രോഗീ പരിചരണത്തിലെ വീഴ്ച കാരണം പുഴുവരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്നാണ് അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെ കോവിഡ് രോഗബാധിതനായി.
വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ 2021 ഫെബ്രുവരി 23 ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഹെഡ് നേഴ്സ്, സ്റ്റാഫ് നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവർക്കെതിരെ സെൻഷർ ശിക്ഷ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിയിൽ ജോലിഭാരം വകവയ്ക്കാതെ ജോലിചെയ്തതു കൊണ്ടാണ് ഇവർക്കെതിരെ കടുത്ത ശിക്ഷ നൽകാതെ സuമ്യമായ നിലപാട് സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചികിത്സാപിഴവ് വരുത്തിയ ഓർത്തോ വിഭാഗം അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.