ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനുള്ള കാരണങ്ങൾ അക്കമിട്ട് കേന്ദ്രസംഘം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉൾപ്പെടെ കാര്യക്ഷമല്ലാത്തതാണ് കേരളത്തിൽ രോഗവ്യാപനം കുറയാത്തതിന് കാരണമെന്ന് കേന്ദ്രസംഘം വ്യക്തമാക്കി . ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം കേന്ദ്രസർക്കാരിന് കൈമാറി.
സംസ്ഥാനത്ത് കൊറോണ ബാധിതരെയും, സമ്പർക്കം പുലർത്തിയവരെയും വീടുകളിൽ പാർപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇത് കാര്യക്ഷമമല്ലാത്തത് പ്രതിദിന രോഗബാധയും ടിപിആറും വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമ- നഗര അന്തരം ഇല്ലാത്തത് രോഗ തീവ്രത വർദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണമായി കേന്ദ്രസംഘം ചൂണ്ടിക്കാട്ടുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണ് എന്നതും രോഗവ്യാപനം വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്.
പ്രദേശിക ലോക്ഡൗൺ കർശനമല്ലാത്തത് രോഗവ്യാപനം ഉയരുന്നതിന് കാരണമായി. അതിനാൽ പ്രാദേശിക ലോക്ഡൗൺ കർശനമാക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. നിലവിൽ കേരളത്തിൽ നൽകിയിരിക്കുന്ന ഇളവുകൾ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വാക്സിൻ നൽകി വരുന്ന ഇടവേള കുറയ്ക്കണോ എന്ന് ആലോചിക്കാനുള്ള നിർദ്ദേശവും കേന്ദ്രം കേരള സർക്കാരിന് മുൻപിൽ വെച്ചിട്ടുണ്ട്.