കോഴിക്കോട്: എംഇഎസ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്.
പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച 3 ക്രിമിനൽ കേസുകളിലാണ് ഡോ.ഫസൽ ഗഫൂർ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചത്. എംഇഎസിലെ 3 കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ആരോപിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ നവാസ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും, ‘ഫെയർഡീൽ ഹൈൽനെസ് സൊലൂഷൻസ്’ എന്ന കമ്പനിയിലൂടെ നിക്ഷേപതട്ടിപ്പ് നടത്തിയെന്നാരോപിച്ച് തിരൂർ പോലീസ് സ്റ്റേഷനിൽ ഡോ.അബ്ദുൽ നാസറും, നടക്കാവ് പോലീസ് സ്റ്റേഷനിൽ ഡോ. സി.വി സലീമും നൽകിയ പരാതികളിലുമാണ് ഫസൽ ഗഫൂറിനെതിരേ അന്വേഷണം നടക്കുന്നത്.
ഹൈക്കോടതി നിർദേശ പ്രകാരം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ട് 3 മാസമായെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഡോ.ഫസൽ ഗഫൂർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രണ്ടു തവണ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും അപേക്ഷ പിൻവലിക്കുകയാണുണ്ടായത്. വീണ്ടും ജാമ്യാപേക്ഷ വന്നപ്പോൾ കോടതി തള്ളുകയായിരുന്നു.