മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണം പൂർത്തിയായ പുതിയ ടെർമിനലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ആദ്യ ‘മോക് ഡ്രിൽ’ പൂർത്തിയായി. അടിയന്തിര സാഹചര്യത്തിൽ വേഗത്തിൽ സുരക്ഷിതമായി ആളുകളെ പുറത്തെത്തിക്കുന്നതിനുള്ള പരിശീലനം ആണ് പൂർത്തിയായത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പാക്കാനാവശ്യമായ ട്രയലുകള്‍ വരുംദിവസങ്ങളില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
സിവില്‍ ഡിഫന്‍സ് വിഭാഗമാണ് മോക് ട്രയല്‍ നടത്തിയത്. ബാഗേജ് ഹാൻഡ്ലിംഗ് സർവീസസ് മീറ്റിംഗ് റൂമിൽ തീ പടർന്നതിനെ കേന്ദ്രീകരിച്ചായിരുന്നു മോക്ക് ട്രയല്‍. എല്ലാ യാത്രക്കാരെയും സ്റ്റാഫുകളെയും ടെർമിനലിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ബിഎസി, ആഭ്യന്തര മന്ത്രാലയം (എംഒഐ), ദേശീയ ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയിൽ നിന്നുള്ള ടീമുകൾ ഏകോപിത നടപടികൾ സ്വീകരിച്ചു. പരിശീലനത്തിൽ 1000 പേർ, രണ്ട് ആംബുലൻസുകൾ, മൂന്ന് ഫയർ ട്രക്കുകൾ എന്നിവ പങ്കെടുത്തു.