തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭൂമി സംബന്ധമായ തർക്കത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. രാജനെ തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. തീ കൊളുത്താൻ ശ്രമിച്ച രാജനെ പിടിച്ചു മാറ്റുന്നതിനിടെയായിരുന്നു ഇവർക്ക് പൊള്ളലേറ്റത്.
രാജനും അയൽവാസിയും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നിലനിന്നിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടക്കുകയാണ്. തർക്ക ഭൂമിയിൽ രാജൻ ഒരു ഷെഡ് കെട്ടിയിരുന്നു.
ഈ ഷെഡ് പൊളിച്ചു മാറ്റാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ച് ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാനായി എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെയും ഭാര്യയേയും പോലീസ് ഉദ്യോഗസ്ഥനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.