കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉള്‍പ്പെടെയുള്ളവർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളിൽ ആക്രമണം. സംസ്ഥാനത്ത് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ കാണുന്നതിനായാണ് നദ്ദ, മുതിർന്ന നേതാവ് കൈലാഷ് വിജയ് വർഗീയ എന്നിവരുടെ സംഘം ഇവിടെയെത്തിയത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു.
ജെ.പി നദ്ദ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി എന്ന വിവരം ബിജെപി ബംഗാൾ ചീഫ് ദിലീപ് ഘോഷ് ആണ് അറിയിച്ചത്. കൈലാഷിന്റെ വാഹനവ്യൂഹത്തിന് നേരെയും സമാനരീതിയിലാണ് ആക്രമണം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.