ന്യൂയോർക്ക്: എഴുപത്തിനാലാം കേരളപ്പിറവിയോടനുബന്ധിച്ചു കേരളാ സോഷ്യൽ ഡയലോഗ് എന്ന സീരിസിൽ അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലൗവേർസ് ഓഫ് അമേരിക്ക (അല) നിരവധി പരിപാടികൾ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടത്തുന്നു. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും.
അല ഒരുക്കുന്ന ഈ കേരള സോഷ്യൽ ഡയലോഗ്സ് എന്ന സീരിസിന്റെ ഉത്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് എം ബി രാജേഷ് (മുൻ എം.പി പാലക്കാട്) നിർവഹിക്കും. തുടർന്ന് കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആദ്യ സെഷനിൽ ഡോക്ടർ മാളവിക ബിന്നി സംസാരിക്കുന്നു. നാട്ടുരാജാക്കന്മാർക്കും , പോർട്ടുഗീസ് , ബ്രിട്ടീഷ് അധിനിവേശങ്ങൾക്കും മുൻപുള്ളൊരു കേരളവും അത് രൂപപ്പെട്ടതിനെക്കുറിച്ചും വിവിധ സംസ്കാരങ്ങളുടെ കടന്നുവരവിനെക്കുറിച്ചും ഡോ. മാളവിക ചരിത്ര വസ്തുതകൾ മുൻനിർത്തി സംസാരിക്കുന്നതായിരിക്കും.
ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സമകാലിക മാദ്ധ്യമ രംഗത്തെപറ്റിയുള്ള ചർച്ചയായ “ദി ഫോർത്ത് എസ്റ്റേറ്റ്” എന്ന സെഷനിൽ അനുപമ വെങ്കിടേഷ് നേതൃത്വം നൽകും. അനുപമ നയിക്കുന്ന ഈ സംവാദത്തിൽ, മാദ്ധ്യമരംഗത്തെ പ്രമുഖരായ പി രാജീവ് ( മുൻ എം.പി ), ജോണി ലൂക്കോസ്, ഷഹാന നഫീസ, ഡോ. അരുൺകുമാർ, അഭിലാഷ് മോഹനൻ എന്നിവർ സംബന്ധിക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നവംബർ 1 കേരളപ്പിറവി ദിനത്തിൽ, കർട്ടൻ റെയ്സറായി രാവിലെ 11:30ന് ആരതി രമേഷും, സരിതാ വാര്യരും ചേർന്നൊരുക്കുന്ന മോഹിനിയാട്ടവും തുടർന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി പൊതു വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി സംസാരിക്കുന്നു. അതോടൊപ്പം, ഷബീർ അലിയും ചിത്ര അരുണും നയിക്കുന്ന ഓർമ്മകളിൽ ബാബുരാജ് എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.
നവംബർ 7 ശനിയാഴ്ച രാവിലെ 11:30ന് ജെൻഡർ പൊളിറ്റിക്സ് വിഷയമായ സ്ത്രീയും സാമൂഹ്യ വിചാരണകളും എന്ന സെഷൻ ലീസ മാത്യു നയിക്കും. മുൻ എം.പി. റ്റി എൻ സീമ, ഷാനിമോൾ ഉസ്മാൻ എം എൽ എ, ജെ ദേവിക, അഡ്വ: രേഷ്മിത രാമചന്ദ്രൻ, അലയുടെ പ്രസിഡന്റ് ഷിജി അലക്സ്, അനുപമ വെങ്കിടേഷ് എന്നിവർ സംബന്ധിക്കും.
നവംബർ 14 ശനിയാഴ്ച രാവിലെ 11:30നു നടക്കുന്ന അവസാന സെഷനിൽ വൈശാഖൻ തമ്പിയും നാസർ ഹുസൈനും നടത്തുന്ന അഹം ദ്രവ്യാസ്മി എന്ന പ്രത്യേക ശാസ്ത്ര സംവാദപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
വെർച്ച്വൽ പ്ലാറ്റ്ഫോമിൽ അല ഒരുക്കുന്ന ഈ പരിപാടികളിലേക്കു എല്ലാ കലാസ്നേഹിതരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിച്ചു കൊള്ളുന്നു.