തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കലാമേളയായ ‘റാഗ്ബാഗ്’ (Ragbag) കാർണിവലിന്റെ ഔദ്യോഗിക പോസ്റ്റർ വിനോദസഞ്ചാര-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു. ‘സ്ലോ ലൈഫ്’ (Slow Life) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേള ജനുവരി 13 മുതൽ ഒരാഴ്ചക്കാലം കോവളം ബീച്ചിലും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലുമായി നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നവീനവും പരീക്ഷണാത്മകവുമായ കലാവിഷ്കാരങ്ങളുടെ സംഗമമാണ് റാഗ്ബാഗ്.ഇവിടെ ഭാവനയും സാങ്കേതിക വിദ്യയും മനോഹരമായി സമന്വയിക്കുന്നത് കാണാം. നാടകം, മ്യൂസിക്കൽ തീയേറ്റർ, വാട്ടർ സ്ക്രീൻ പ്രോജെക്ഷൻ, ക്ലാസിക്കൽ തീയേറ്റർ, സ്ട്രീറ്റ് തീയേറ്റർ സർക്കസ് തീയേറ്റർ , ഫിസിക്കൽ കോമഡി, സ്റ്റോപ്പ് & ഗോ ഷോ, പാവകളി, , വീഡിയോ ആർട്ട്, അക്രോബാറ്റിക്സ്, ട്രപ്പീസ്, വെർട്ടിക്കൽ ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാരൂപങ്ങൾ മേളയിൽ അരങ്ങേറും.
ഇന്ത്യ ഉൾപ്പെടെ ഇറ്റലി, ഫ്രാൻസ്, അര്ജന്റീന, ഡെന്മാർക്, നെതർലൻഡ്, സ്പെയിൻ, കാറ്റലോണിയ, പോർട്ടുഗൽ, ജർമനി, സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാസംഘങ്ങളിലായി കലാകാരന്മാർ വ്യത്യസ്ത അവതരണങ്ങളുമായി മേളയിൽ അണിനിരക്കും
പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം ആഗോളതലത്തിലെ നവീന കലാപ്രവണതകളെ കേരളത്തിന് പരിചയപ്പെടുത്താനും, കലയെയും കരകൗശലത്തെയും ലോകവുമായി ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി കേരളത്തെ മാറ്റാനുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. കാർണിവലിന് മന്ത്രി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ സി.ഒ.ഒ. ടി.യു. ശ്രീപ്രസാദ്, റാഗ്ബാഗ് ക്യൂറേറ്റർ വി. ശശികുമാർ, ടെകനിക്കൽ കോ-ഓർഡിനേറ്റർ നന്ദഗോപൻ, ക്രാഫ്റ്റ് വില്ലേജ് ഉദ്യോഗസ്ഥൻ എം.പി. അക്ഷയ് എന്നിവർ പങ്കെടുത്തു.

