മനാമ: പൊതുജനാരോഗ്യവും പ്രമേഹബോധവൽക്കരണവും ലക്ഷ്യമിട്ട് ഷിഫ അൽ ജസീറ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ‘വാക്ക് വിത്ത് ഷിഫ – സീസൺ 2’ നവംബർ 27ന് സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ നടക്കും. ക്യാപിറ്റൽ ഗവർണറേറ്റിന്റെയും വാട്ടർ ഗാർഡൻ സിറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി.
വൈകിട്ട് 3 മുതൽ രാത്രി 9 വരെ നടക്കുന്ന പരിപാടിയിൽ 2 കിലോമീറ്റർ വോക്കത്തൺ, സൂംബ എയറോബിക്സ്, എയറോബിക് ഡാൻസ്, വിവിധ കായിക-ക്ഷമതാ മത്സരങ്ങൾ എന്നിവയുണ്ടാകും. വൈകിട്ട് 4നാണ് വോക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടർന്ന് ഉദ്ഘാടന ചടങ്ങും നടക്കും. ക്യാപിറ്റൽ ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, പാർലമെന്റ് അംഗങ്ങൾ, ആരോഗ്യരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

സൗജന്യ മെഡിക്കൽ പരിശോധന, പ്രമേഹനിർണയ ക്യാമ്പ്, ഫിറ്റ്നസ് സെഷനുകൾ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുഷ്-അപ്പ്, പുൾ-അപ്പ്, സിറ്റ്-അപ്പ്, പ്ലാങ്ക് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദമത്സരങ്ങളുമുണ്ടാകും. ഫിറ്റ്നസ് മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് സൈക്കിൾ സമ്മാനമായി നൽകും.
വൈകിട്ട് 3ന് രജിസ്ട്രേഷൻ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1,000 പേർക്ക് ടി-ഷർട്ടും തൊപ്പിയും അടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും. കുടുംബങ്ങൾ ഉൾപ്പെടെ എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സിയാദ് ഉമർ അഭ്യർത്ഥിച്ചു. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും https://www.shifaaljazeera.com/go/walk-whatsapp ഈ ലിങ്ക് സന്ദർശിക്കുക.

