റിയാദ്: സൗദി അറേബ്യയിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) രോഗബാധയെത്തുടർന്ന് മരിച്ചു. റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എട്ടുവർഷത്തോളമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സജീദ്, റിയാദിൽ വാഹനപരിശോധനയ്ക്കിടെ വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായി. കേസിൽ കോടതി ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷാകാലയളവിൽ ഒരു വർഷം പിന്നിട്ടപ്പോൾ ജയിലിൽവെച്ച് രക്തം ഛർദിച്ചതിനെത്തുടർന്ന് സജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കരൾ അർബുദം സ്ഥിരീകരിച്ചു. ആരോഗ്യനില ഗുരുതരമായതോടെ അവസാന രണ്ടുമാസത്തോളം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജീദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി റിയാദിലെ ഇന്ത്യൻ എംബസി സാമ്പത്തിക സഹായം നൽകി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ദമാം വഴി നാട്ടിലേക്ക് അയക്കും.

