കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയിൽ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചു. ചികിത്സയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചതെങ്കിൽ, വിദേശത്ത് പോയി ജോലി ചെയ്യാൻ എങ്ങനെ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം.
യുഎഇയിലേക്ക് യാത്ര ചെയ്യാനും അവിടെ ജോലി ചെയ്യാനും അനുമതി നൽകണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെ യുഎഇയിൽ കഴിയാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുകയാണെന്നും ദുബായിലെ ഐ.ടി. കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും അത് ഉപജീവനത്തെ ബാധിക്കുമെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിയെ നാലുവർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മുൻകൂർ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
ഹർജി പരിഗണിക്കവേ, ജയിലിൽ പ്രവേശിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യം കോടതി പരാമർശിച്ചു. ജയിലിൽ കഴിയുമ്പോൾ ഗുരുതര രോഗമെന്നും പുറത്തിറങ്ങിയാൽ വിദേശത്ത് ജോലിയെന്നും പറയുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും കോടതി ചോദിച്ചു.
തച്ചങ്കരിയുടെ ചികിത്സാവിവരങ്ങൾ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചു. ജയിലിലും ആശുപത്രിയിലും എത്ര ദിവസം വീതം കഴിഞ്ഞുവെന്ന വിവരങ്ങളും നൽകണം. ജാമ്യഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, ഇത്തരം കാര്യങ്ങൾ കാണുന്നവർ കോടതികൾക്ക് ബുദ്ധിയില്ലെന്ന് കരുതേണ്ടതില്ലെന്നും നിരീക്ഷിച്ചു.
വിചാരണക്കാലത്ത് വിദേശത്തായിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ട ദിവസങ്ങളിലെല്ലാം ഹാജരായെന്നും ജാമ്യവ്യവസ്ഥകൾ പാലിച്ചെന്നും തച്ചങ്കരി ഹർജിയിൽ പറയുന്നു. വിദേശയാത്ര വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും അദ്ദേഹം വാദിച്ചു. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണവും തേടി.

