മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഡാൻഡിയ നൈറ്റ് സംഘടിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഉമ്മുൽ ഹസമിലെ കരവല്ലി റെസ്റ്റോറന്റിൽ ഒരുക്കിയ പരിപാടിയിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.
പരമ്പരാഗത ഗുജറാത്തി വേഷമായ ചനിയ ചോളി അണിഞ്ഞെത്തിയവർ ആഘോഷത്തിന് വർണാഭത പകർന്നു.
വിനോദപരിപാടികൾ, ഗെയിമുകൾ, ഫാഷൻ ഷോ, ഡാൻഡിയ–ഗർബ നൃത്തങ്ങൾ എന്നിവയും അരങ്ങേറി.
പങ്കെടുത്തവർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മികച്ച ഡാൻഡിയ നൃത്തം അവതരിപ്പിച്ചവർക്കും മനോഹരമായ വേഷവിധാനത്തോടെ എത്തിയവർക്കും സമ്മാനങ്ങൾ നൽകി.
സ്ത്രീകൾക്കിടയിലെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒത്തുചേരൽ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

