ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “കള്ളന്മാരുടെ സർദാർ”, “കമാൻഡർ-ഇൻ-ചീഫ്” എന്ന് വിശേഷിപ്പിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ സെപ്റ്റംബർ എട്ടിലെ ഉത്തരവിനെതിരെ അദ്ദേഹം നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനും കോടതി ഉത്തരവിട്ടു. രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹാജരായി.
നേരത്തെ ബോംബെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, ബി.ജെ.പി. പ്രവർത്തകൻ നൽകിയ പരാതി നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി വാദിച്ചിരുന്നു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ താൻ ബി.ജെ.പി.യുടെ പേര് പറഞ്ഞിട്ടില്ലെന്നും തിരിച്ചറിയാവുന്നതോ നിർവചിക്കപ്പെട്ടതോ ആയ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു വിഭാഗം ഇല്ലാത്തതിനാൽ, കേസ് തുടരാൻ നിയമപരമായ അവകാശമുള്ള വ്യക്തിയോ സംഘമോ പരാതിയിൽ വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

