അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് സമ്മാനനേട്ടം. യുഎഇയിലും ഒമാനിലുമായി ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് ആകെ 19.5 ലക്ഷം ദിർഹം ലഭിച്ചത്. മലയാളികളായ അജിത് കുമാർ വണ്ണാറത്തും സി. മുഹമ്മദ് ഇജാസും വിജയികളിൽ ഉൾപ്പെടുന്നു.
ഒമാനിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന അജിത് കുമാർ വണ്ണാറത്ത് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ രണ്ടര ലക്ഷം ദിർഹം നേടി. പത്ത് വർഷമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന അമ്പത്തിനാലുകാരനായ അജിത്, ഏറെക്കാലമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്.
അജ്മാനിൽ താമസിക്കുന്ന എഞ്ചിനീയർ സി. മുഹമ്മദ് ഇജാസിനും കൂട്ടായെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. മകന്റെ ജനനത്തീയതിയും ജനനവർഷവും ചേർത്തുള്ള നമ്പരാണ് ഇജാസ് തിരഞ്ഞെടുത്തത്. സമ്മാനത്തുകയിൽ തന്റെ വിഹിതം മകനുവേണ്ടി ചെലവഴിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരനായ സുനിൽ കുമാറിന് പത്ത് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. ദുബൈയിലെ ജബൽ അലിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് അഞ്ച് ലക്ഷം ദിർഹവും സ്വന്തമാക്കി.
2008 മുതൽ യുഎഇയിൽ കഴിയുന്ന കുൽവന്ത്, സമ്മാനത്തുക കുടുംബത്തിനും വീടിന്റെ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് അറിയിച്ചു. മറ്റൊരു ഇന്ത്യൻ പ്രവാസിയായ സെത്വാൻ കുമാർ ചൗഹാന് ഒരു ലക്ഷം ദിർഹവും ലഭിച്ചു.

