ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പൊലീസ് അനധികൃതമായി തടങ്കലിൽ വെക്കരുതെന്നും ഡൽഹിയിലെ പൊതുഗതാഗതം സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും സുപ്രീംകോടതി. കൂട്ടംകൂടുന്നത് തടയാൻ ബിഎൻഎസ്എസ് 2023ലെ സെക്ഷൻ 163 പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനും കോടതി നിർദേശിച്ചു.
കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യംചെയ്തുള്ള ഹർജികളിലാണ് ഇടപെടൽ. ഞായറാഴ്ച നടന്ന പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
പ്രതിഷേധിക്കാനുള്ള മൗലികാവകാശം പൗരന്മാർക്കുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അത് പൊലീസ് ആക്ടിന്റെ ചട്ടക്കൂടിന് വിധേയമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി. മെട്രോ, റെയിൽവേ സർവീസുകൾ തടസ്സമില്ലാതെ പ്രവർത്തിക്കണം. നിയമപരമായ നിബന്ധനകൾ പാലിച്ചുകൊണ്ട് ഇന്റർനെറ്റ് സേവനങ്ങളും പ്രവർത്തനക്ഷമമായി തുടരണമെന്ന് ബെഞ്ച് നിർദേശിച്ചു.
സുപ്രീംകോടതിയുടെ പരിസരത്തും സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടതായി കോടതി വ്യക്തമാക്കി. അഭിഭാഷകർക്കും പൊതുജനങ്ങൾക്കും സുപ്രീംകോടതിയിലേക്കും മറ്റ് കോടതികളിലേക്കും എത്തുന്നതിന് തടസ്സമുണ്ടാകരുത്. നീതി തേടാനുള്ള അവസരം ഉറപ്പാക്കുന്നതിനായി ഈ നിയന്ത്രണം ഉടൻ നീക്കണമെന്നും കോടതി ഉത്തരവിട്ടു.
നഗരത്തിൽ സ്ഥാപിച്ച ബാരിക്കേഡുകളിൽ തികച്ചും അനിവാര്യമായവ ഒഴികെയുള്ളവ അടിയന്തരമായി നീക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ജനങ്ങളുടെ യാത്രാസൗകര്യവും വാഹനഗതാഗതവും പുനഃസ്ഥാപിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. പൊതു ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും കോടതി നിർദേശിച്ചു.

