ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. സമരത്തിന് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. പൊലീസിനും സുരക്ഷാസേനയ്ക്കും ജനങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടന്ന വാദത്തിനായി പതിനഞ്ചോളം അഭിഭാഷകർ ഹാജരായെന്നാണ് ബൻസാലിന്റെ അവകാശവാദം. ഒരു സിറ്റിങ്ങിന് രണ്ടുകോടി രൂപ വരെ ഈടാക്കുന്ന അഭിഭാഷകർക്ക്, ഈ വാദത്തിനായി 15 കോടി മുതൽ 30 കോടി രൂപ വരെ നൽകിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
ഫോർഡ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഒരു പാർട്ടി പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ബൻസാൽ ആരോപിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന്റെ സൂചനയാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു അമേരിക്കൻ വ്യവസായിയുടെയും യുഎസ് വൈസ് പ്രസിഡന്റിന്റെയും ഇടപെടലുകളുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യയെ നേപ്പാളോ ബംഗ്ലാദേശോ ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങൾ ജാഗ്രതയോടെ കാണണമെന്നും ബൻസാൽ പറഞ്ഞു. പൊലീസും സുരക്ഷാസേനയും രംഗത്തുണ്ടെങ്കിലും അവരുടെ സംരക്ഷണത്തിനായി ജനങ്ങൾ കവചമായി നിലകൊള്ളണമെന്നാണ് വിഎച്ച്പിയുടെ ആഹ്വാനം.

