
മനാമ: ഐ.സി.ആർ.എഫ്. ബഹ്റൈൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് വീട്ടുജോലിക്കാരായ സ്ത്രീകൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 9 വെള്ളിയാഴ്ച മനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ തൊണ്ണൂറോളം പേർ പങ്കെടുത്തു.
പങ്കെടുത്ത എല്ലാവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ശാരീരിക പരിശോധനയും ഡോക്ടറുടെ സേവനവും ലഭ്യമാക്കി. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ലക്ഷ്മി ഗോവിന്ദ് സംസാരിച്ചു. സ്വയംപരിശോധന നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളും അവർ നൽകി.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാരായ മറിയമ്മ കോശി, ശാന്തി തെരേസ നോറോണ, ബിനി ബോബിൻ തോമസ്, നീന റേച്ചൽ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. പങ്കെടുത്തവരിൽ തുടർപരിശോധന ആവശ്യമുള്ളവർക്ക് അൾട്രാസൗണ്ട്, മാമോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകൾ ആശുപത്രി സൗജന്യമായി ലഭ്യമാക്കും.
ഐ.സി.ആർ.എഫ്. വിമൻസ് ഫോറം അംഗങ്ങളായ ശ്യാമള, നിമ്മി റോഷൻ, അനു ജോസ്, അൽത്തിയ ഡിസൂസ, ആരതി അഗർവാൾ, സൃഷ്ടി ജെയിൻ, സാന്ദ്ര പാലന്ന, രുചി ചക്രവർത്തി, പാപിയ ഗുഹ, ജെറുഷ, സിസിലിയ എ. കുരീത്തറ, രാജേശ്വരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഐ.സി.ആർ.എഫ്. ബഹ്റൈൻ ലഘുഭക്ഷണവും ഉച്ചഭക്ഷണവും ഡ്രൈ റേഷൻ കിറ്റുകളും വിതരണം ചെയ്തു. ഈ സംരംഭത്തിന് പിന്തുണ നൽകിയ സ്പോൺസർമാർക്ക് സംഘടന പ്രത്യേക നന്ദി രേഖപ്പെടുത്തി.


